2016, ജൂലൈ 25, തിങ്കളാഴ്‌ച

വെളിച്ചം


രാത്രിയിലംബരത്തില്‍ പൊഴിക്കും നിലാവിനാല്‍
കൂരിരുട്ടകലുന്നു, ധരയും തെളിയുന്നൂ
വന്ദ്യരാം ഗുരുനാഥര്‍ ചൊരിയും പ്രഭയാലേ
മാനസം പൊരുള്‍ നേടി ധന്യമായ് മാറീടുന്നൂ
അജ്ഞാനം മൂലം മനമിരുട്ടില്‍ തപിക്കുമ്പോള്‍
ജ്ഞാനമാം പ്രകാശത്താല്‍ തെളിയും, ശുഭം,ധന്യം!
ആരോഗ്യപാലനത്തിലശ്രദ്ധ, വന്നീടുകില്‍
ദേഹവും ശോഷിച്ചങ്ങു തളരും പാരം,കഷ്ടം!
ഏറിയ വരുമാനക്കൊഴുപ്പിന്നിരുട്ടാലെ
മാനവഹൃദയത്തില്‍ ക്രൂരത നിറയുന്നു.
മൂഢത കൈവിട്ടങ്ങു മുന്നേറാന്‍ ശ്രമിക്ക നാം
നന്മതന്‍ ദീപമായി ധന്യരായ് വാഴാം പാരില്‍
പാരിതില്‍ മഹനീയ ജീവിതം നയിച്ചീടാന്‍
സ്നേഹത്തിന്‍ ദീപമേന്തി ദൈവത്തെ തൊഴുതീടാം

2016, ജൂലൈ 14, വ്യാഴാഴ്‌ച

മഴഭാവങ്ങള്‍

മഴഭാവങ്ങള്‍

ഇടവപ്പാതി കാര്‍മുകില്‍ കീറി
ഇടിയും മിന്നലും കാറ്റുമായി
തകര്‍ത്തുപെയ്തു ദാഹമകറ്റാന്‍
മുടങ്ങാതെയെത്തും കാലവര്‍ഷം.

മിഥുനമായാല്‍ രാവും പകലും
നിര്‍ദ്ദയമായങ്ങു നിന്നുപെയ്തു
മനവഹൃത്തില്‍ ഭീതിനിറയ്ക്കും
വെള്ളം പെരുക്കിടും പേമാരി

കര്‍ക്കടകത്തില്‍ കറുത്തിരുണ്ട്
ഒളിഞ്ഞു വാനത്തുരുണ്ടുകൂടി
കാര്‍മേഘക്കൂട്ടിലൊളിച്ചിരുന്നു
കാറ്റില്‍ മറയും  കള്ളമഴ

ചിങ്ങംപിറന്നാല്‍ ചന്നംപിന്നം
നൂലിഴപോലെ ഊര്‍ന്നിറങ്ങി
പൂക്കളംമായ്ക്കാനോടിയെത്തും  
സൂത്രക്കാരിയാം വികൃതിമാരി

കന്നിമാസത്തില്‍ അന്നനടയായ്
കവിളിണയില്‍ നാണത്തോടെ
ചാരത്തുവന്നെന്‍ ദീപമണച്ചു
കുസൃതികാട്ടും കൗതുകമാരി

തുലാമായാല്‍ തുള്ളിക്കുതിച്ചു
ചോലമരങ്ങളെ കാറ്റിലുലച്ചു
പെരുമ്പറകൊട്ടി താണ്ടവമാടി
പെയ്തൊഴിയും തുലാവര്‍ഷം

വൃശ്ചികം,ധനു,മകര മാസങ്ങള്‍
മറഞ്ഞിരുന്നങ്ങു മൗനംപാലിച്ചു
മഞ്ഞിനുവേണ്ടി വീഥിയൊഴിഞ്ഞു
മന്ദാരപ്പൂമഴ മന്ദിരം പൂകിയോ..?

കുംഭം, മീനം, മേടം തുടങ്ങി  
ആദിയിടവപ്പാതിവരേയ്ക്കും
ആരുംകാണാതെ പമ്മിയിരിക്കും
തവതാവളമേതെന്നു ചൊല്ലാമോ..?

പൂവിലെ കവിത

ചുണ്ടിലൊരു രാഗവും മൂളി
കാമുകനെപ്പോലെയൊരു
വണ്ടുവന്നു തേന്‍ നുകരും
ഇമ്പമാണ് പൂവിന്റെ താളം.

ആരാമത്തില്‍ ഉരസിക്കൊണ്ട്
ഇളംകാറ്റിന്‍ തോഴനായ് മന്ദം
വീശിയെങ്ങും നിറച്ചിടുന്ന
സൗരഭ്യം പൂവിന്റെ പ്രാസം.

വദനത്തില്‍ പുഞ്ചിരിയോടെ
മൃദുലമാം ഇതള്‍ വിടര്ത്തി
വശ്യമായ് മലര്ന്നു നില്ക്കും
ഭംഗിയാണ് പൂവിന്റെ വൃത്തം.

സോദരീ

ദേഹം വേടിഞ്ഞോരു ദേഹിയായ 
എന്‍ സോദരീ നിന്നെക്കുരുന്നില്‍  
വഹിച്ച അതേഗര്‍ഭപാത്രംതന്നെ 
പിന്നെന്നെയും വഹിച്ചതാലുളവായ
രക്തബന്ധത്തിന്നളവറ്റ ആഴത്താല്‍ ‍ 
നിന്‍ മരണവാര്‍ത്തയാലെന്‍‍ ഹൃദയ
സപന്ദനം സ്തംഭിചൊട്ടേറെനിമിഷം 
പ്രപഞ്ചസത്യമാം മരണത്തെപ്പോലും
ഞാനറിയാതെയന്നു പഴിച്ചുപോയി
സ്വബോധം വീണ്ടെടുത്തവശേഷിച്ച
കടമയോടെ വെക്കംപുറപ്പെട്ടുസോദരീ
നീറുംനെഞ്ചുമായരുകിലെത്താന്‍വെമ്പി
നിശ്ചലമായ ദേഹമെങ്കിലും കാണാന്‍
പ്രാണന്‍തുടിക്കാത്ത ദേഹംകാണാന്‍ 
ത്രാണിയില്ലെന്ന സത്യമറിഞ്ഞതാല്‍
വലിയോരപകടമെന്‍  മാര്‍ഗ്ഗമദ്ധ്യേ
വന്നാ സന്താപയാത്ര തടസമാക്കി 
തിരുവായിലവസാനമായ്പ്പോലും  
ഒരുപിടിയരിയെന്നിരുകരങ്ങളാല്‍
വാരിവിതറാനൊത്തില്ലയെങ്കിലും
ജീവചൈതന്യമായെന്‍കണ്‍മുന്നില്‍ 
നിറഗൗരവത്തോടെ തന്നെ നീയിന്നു
നന്നായ്  തെളിഞ്ഞു നില്ക്കുമ്പോള്‍ 
‍അന്ന് നേരിട്ടോരപകടം പോലും  
എനിക്കനുഗ്രഹമായെന്നെന്നുള്‍മനം 
മന്ത്രിച്ചുപോകുന്നുയിന്നറിയാതെ
അമ്മതന്‍ ‍ കടിഞ്ഞൂല്‍പുത്രിയാം 
മൂത്തസോദരീ നിയെന്നകതാരില്‍
ഒരമ്മതന്‍സ്ഥാനം വഹിച്ചിരുന്നു
നിനക്കുനാഥനായ് വരാതെപോയ
ഒരാളുംപിന്നതില്‍പിറക്കാതെപോയ
ഒരുണ്ണിയുമെന്നകക്കാമ്പിലൊരുപോതും 
ഫലിക്കാത്ത കനവായിമാത്രം തത്തി-
ക്കളിക്കാറുണ്ടിന്നും വ്യര്‍ത്ഥമായ്
ശേഷിച്ചമോഹങ്ങള്‍ ‍ കോര്‍ത്തിണക്കി
ഉള്ളിന്‍റെയുള്ളില്‍  ഞാന്‍‍ കാത്തുവച്ച
എന്നഗ്രഹാരത്തിന്‍ ‍ നിലവിളക്കേ 
ഒരുനാളുമണയാതെ ജ്വലിച്ചുനില്ക്കും
 നിറശാലീനസൗന്ദര്യപൊന്‍ദീപമായ്
നിന്നെക്കാണുവാനാണെനിക്കേറെയിഷ്ടം.

നീലകണ്ഠാ.....

പറയകുലത്തില്‍ പിറന്നതായി 
പറയപ്പെടുന്നതാം പരമേശ്വരാ...പറഞ്ഞു പുകഴ്ത്താനീ പാരിതിലെ
പല നന്മതന്നുടമയാം ശിവശങ്കരാ...
മറഞ്ഞു പുണ്യമായ് മാറിയ നിന്റെ
മായാത്ത മാതൃകാചെയ്തികളെല്ലാം
മറയാതെ പൂര്വ്വികമനസ്സുകളില്മരിക്കാത്ത നന്മയായ് മാറിയനേരം
അമ്പലം കെട്ടി കുടിയിരുത്തി
അമ്പലമാക്കിയ നിന്‍ പെരുമ
അമ്പരപ്പുളവാക്കി ഭക്തര്കളില്അമ്പോറ്റിയായിന്നും കുമ്പിടുന്നു.
സംശയമതിലല്ല സാംബശിവനേ
സംസാരസര്വ്വമായ് വ്യാപിയായ
സംസ്കാരമൂർത്തിയെ പൂജിക്കുവാന്സംബന്ധമില്ലാത്ത നമ്പൂതിരിയോ..?
പറയ കുലത്തിന്റെ പെരുമയാം നാഥാ
പറയുവാനുണ്ടൊരു സങ്കടമെന്നുള്ളില്പറയനൊരുത്തന്‍ വന്നൊന്നു പൂജിച്ചാല്പറനിറയുംപോലാ മനസ്സും നിറയണം
പങ്കേറെ പര്വ്വതപുത്രിക്കുനല്കിയ പങ്കമകറ്റുന്ന നീലകണ്ഠാ നിന്നെ
പങ്കിട്ടെടുത്ത കരങ്ങളില്നിന്നൊരു
പങ്കിന്നെനിക്കും ലഭിച്ചീടുമോ..

ശൂന്യത

എഴുതാനിരിക്കുന്ന നേരങ്ങളിലൊരു
ശൂന്യതവരുമെന്റെ തൂലികത്തുമ്പിലും

കര്‍ക്കിടകത്തിലെന്നറയും പുരയും
ശൂന്യമായ്കണ്ടതെന്നോര്‍മ്മയിലുണ്ട്

കൊയ്‌ത്തൊന്നുു കഴിയണം പിന്നെയാ
ശൂന്യത വീടിനെ വിട്ടകന്നീടണമെങ്കിന്‍

മാസത്തിന്നവസാനവാരമായാലൊരു
ശൂന്യതയെന്‍പണപ്പെട്ടിയിലുണ്ടാകും

ഒന്നാംതികിട്ടുന്ന ശംബളംകൊണ്ടാ
ശൂന്യതയൊക്കയും മാറിമറഞ്ഞിടും

വീടെന്ന സ്വപ്‌നം സത്യമായപ്പോഴും
ശൂന്യത തന്നെയാണാമാടപ്പെട്ടിയില്‍

പരീക്ഷയിലന്നാദ്യമായ് തോറ്റപ്പോള്‍
ശൂന്യതയാകെയെന്‍മാനസം വാട്ടി

തീമഴ വന്നാലും പ്രളയം വന്നാലും
ശൂന്യത വന്നു നിറയുമീ പാരില്‍

മക്കള്‍ക്കുമാംഗല്യമായിക്കഴിഞ്ഞാല്‍
ശൂന്യത നിഴലിയ്ക്കും വീട്ടുമുററത്തും

നേത്രത്തിന്‍ കാഴ്ച മറയുന്നകാലം
ശൂന്യത വന്നു നിറഞ്ഞീടുമെങ്ങും

വേണ്ടപ്പെട്ടോരുടെ വിയോഗംമൂലം
ശൂന്യതയാലെന്റെ മാനസം വിങ്ങും.

2016, ജൂലൈ 11, തിങ്കളാഴ്‌ച

വിരഹം


ഒരു മാത്ര നേരില്‍ കണ്ടെങ്കിലെന്ന
ഹൃദയത്തിന്‍വിങ്ങലാണ് വിരഹം
നേരില്‍ കാണാനാകാതെ ഒറ്റപ്പെടുന്ന
മനസ്സിന്‍ പിടച്ചിലാണു വിരഹം
ഓര്‍ക്കുമ്പോള്‍ കണ്ണില്‍ കിനിയും
നെഞ്ചിന്‍ ഈറമാണ് വിരഹം
കനവില്‍ മോഹങ്ങളായ് വിരിയും
കരളിന്‍ ദാഹമാണ് വിരഹം
മനസ്സിന്‍ തേടലാല്‍ ഉയര്‍ന്നുതാഴും
ഹൃദയമിടിപ്പിന്‍ താളമാണ് വിരഹം
ഇനിയെന്നു കാണാനാകും എന്ന
മനസ്സിന്‍ തേങ്ങലാണ് വിരഹം
അകലുകയാണു തനിച്ചാക്കിയിന്നു
മറയുകയാണെന്ന തോന്നലാണ് വിരഹം
അരുകിലിപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍
എന്ന മോഹ മൗന മന്ത്രമാണ് വിരഹം
കണ്ടുകൊണ്ടിരുന്നവരെ കാണാതായ
കണ്ണിന്‍ തീവ്ര സങ്കടമാണ് വിരഹം
ആഴത്തിലുള്ള സ്‌നേഹങ്ങളൊക്കെയും
നല്‍കും ഒരുതരം വേദനയാണ് വിരഹം.

എന്റെ തുളസി

മട്ടുപ്പാവിന്‍ നല്ലൊരു കോണില്‍
കണ്ണനെ മനസ്സില്‍ ധ്യാനിച്ചോണ്ട്
ദിനവും തൊഴുതു വണങ്ങാനായി
ഒരു തുളസി ചെടിയെ ഞാന്‍ നട്ടു.

ഉദയാസ്തമന വേളകളില്‍ ഞാന്‍
നന്നേ വണങ്ങി പരിപാലിച്ചും
വാട്ടി വതക്കിക്കളഞു അവളെ
ചെന്നൈ വെയിലിന്നാധിക്യം.

ഇലയും കതിരും കൊഴിഞ്ഞിന്ന്
കമ്പും ചില്ലയുമായ് നിന്ന്
പരിഭവ പുഴയായ് കേഴുമവള്‍
എന്നെ കാണും വേളകളില്‍.

ഇങ്ങനെ പോയാല്‍ വൈകാതെ
ഉണങ്ങി ശുഷ്‌കിച്ചൊരുനാളില്‍
യാത്രാമൊഴിയും ചൊല്ലുമിവള്‍
നിറ കണ്ണോടെ ഞാനോര്‍ത്തു. 

അന്നു പടുക്കയിലസ്വാസ്ഥ്യം
നിദ്രയുമങ്ങു പിണങ്ങിപ്പോയ്
പുലരാനേഴര നാഴികമുന്നേ
ഉദിച്ചോരാശയമെന്നുള്ളത്തില്‍

പൊള്ളും വെയിലീന്നൊരു ശമനം
കാംക്ഷിക്കുന്നുണ്ടാ മനസ്സ്
അവളുടെ ദീനവിലാപങ്ങള്‍ ഞാന്‍
കേള്‍ക്കരുതിനിയൊരു നാള്‍ പോലും.

സൂര്യനുണര്‍ന്നങ്ങുയരും മുന്നേ
സാന്ത്വന വാക്കുകളോതിച്ചെന്ന്
മട്ടുപ്പാവിന്‍ കോണില്‍ നിന്നും
ഫ്‌ളാറ്റിന്‍ മുകപ്പില്‍ സ്ഥാപിച്ചവളെ

ഉദയാസ്ഥമന വേളകള്‍ തോറും
വെള്ളമൊഴിച്ചു മുടങ്ങാതെന്നും
പരിപാലിച്ചു വളര്‍ത്തീയവളെ
അവളോ നന്നായ് പൂത്തുതളിര്‍ത്തു.

അഴകിയ പുത്തന്‍ കതിരുകളെല്ലാം
കാറ്റിന്നൊപ്പം നന്നായാട്ടി
ഒരു നാണച്ചിരിയോടെന്നേ നോക്കി
മെല്ലെ മൊഴിഞ്ഞവള്‍ നന്ദി.

എങ്ങനെ ഉരുവായെന്നതിലല്ല
എപ്പടി വളരും എന്നതില്‍ തന്നെ
നന്മയും തിന്മയുമെന്നൊരു സത്യം
അറിയാന്‍ കഴിഞ്ഞു ഇതിലൂടെ.

ആത്മധൈര്യം

ഭൂവില്‍ ജനിച്ചാല്‍ മണ്ണായിടും വരെ 
അരച്ചാണ്‍ വയറിനെ കാത്തിടേണം
കക്കാതെ പിടിച്ചു പറിച്ചിടാതെ
മറ്റേതു  മാര്‍ഗ്ഗവും സ്വീകരിക്കാം
ഏതു ജോലിക്കുമതിന്റേതായ
മാന്യതയുണ്ടെന്നറിഞ്ഞിടേണം
പ്രത്യക്ഷമാകും പ്രതിബന്ധങ്ങള്‍
ധീരതയോടെന്നും നേരിടേണം
തോല്‍വികള്‍ പാഠങ്ങളാക്കിടേണം
ഭീരുവായ് മാറാതെ നേക്കിടേണം
പാഠങ്ങള്‍ നന്നായിട്ടുള്‍ക്കൊള്ളേണം
പ്രായോഗീകമവയാക്കിടേണം
അദ്ധ്വാനശീലം ഉണ്ടായാല്‍ പോരാ
ലക്ഷ്യബോധങ്ങളും കൂടെവേണം
നാലുകാശിനു വരവുണ്ടായാല്‍
അതിലൊന്നു നാളെക്കായ് കരുതിടേണം
സമ്പാദ്യ ശീലം വളര്‍ത്താത്തവന്‍ 
നാടിനും ഭാരമെന്നോര്‍ത്തിടേണം
ലക്ഷ്യത്തിലെത്തുവാന്‍ സത്യം വേണം
സത്യം പറഞ്ഞിടാന്‍ ധൈര്യം വേണം.
ചഞ്ചല മനസ്സങ്ങുപേക്ഷിക്കേണം
ആത്മധൈര്യത്തെയങ്ങാര്‍ജ്ജിക്കേണം
വീരമായ് മുന്നേറി ഉയര്‍ന്നിടേണം
വിജയപതാക ഉയര്‍ത്തിടേണം

സില്‍ക്കുടുപ്പ്

ചേലുള്ള നല്ലൊരു സില്‍ക്കുടുപ്പേ
ചേച്ചിക്കായ് തയ്പ്പിച്ച പച്ചുടുപ്പേ
ചേച്ചി വലുതായിപ്പോയതിനാല്‍
കയ്യില്‍ നീ വന്നങ്ങു ചേര്‍ന്നതല്ലേ

വേറേയുടുപ്പുകളുണ്ടെന്നാലും
നിന്നെത്തന്നെയെനിക്കേറെയിഷ്ടം
വലുതായിപ്പോയാലും കൈവിടില്ലാ
മറ്റാര്‍ക്കും നിന്നെ ഞാന്‍ നല്‍കുകില്ലാ

നിന്നെയണിയുന്ന നാള്‍ മുഴുക്കെ
പൂമ്പാറ്റയായി ഞാന്‍ പാറി പറക്കും
എന്തു പവറാണെന്നെനിക്കെന്‍
കൂട്ടുകാര്‍ പോലും കളിയാക്കിടും

അലക്കി വിരിക്കുന്ന നാളുകളില്‍
നിദ്ര തഴുകാതെ ഞാന്‍ കിടക്കെ
കണ്‍മുന്നില്‍ വന്നു പതുങ്ങി നിന്നെന്‍
കനവിലും വന്നു നീ ആടാറില്ലേ

ഞാന്‍ വലുതായിക്കഴിഞ്ഞുവെന്നാല്‍
അനിയത്തിക്കുട്ടിക്കു കൈമാറണം
അമ്മയുണ്ടാക്കിയ നിയമമതു
പാലിക്കാതിരിക്കാനോ വകയുമില്ല

എന്നും ഭയന്നപോലന്നൊരു നാള്‍
അമ്മയുണ്ടാക്കിയ നിയമവുമായ്
അനിയത്തുക്കുട്ടി ഓടിവന്നെന്‍
മുന്നിലാ ഉടുപ്പിനായ് നിന്നുവല്ലോ

സില്‍ക്കുടുപ്പിനെ കയ്യിലാക്കാന്‍
രണ്ടാളും അടിപിടിയായി പിന്നെ
അമ്മതന്‍ കോപമിരട്ടിച്ചന്നെന്‍
കാതീന്നു പൊന്നീച്ച പറന്നുപോയി

സ്‌കൂളും വിട്ടു ഞാന്‍ വന്നനേരം
നാവൂറു പാടുവാനായി വന്ന
കൊറത്തീടെ കൊട്ടയില്‍ കണ്ടുഎന്റെ
ജീവന്റെ ജീവനാം സില്‍ക്കുടുപ്പ്

സങ്കടം കൊണ്ടെന്റെ കണ്ണു രണ്ടും 
കലങ്ങി ചുവന്നു തുടുത്ത നേരം 
കണ്ണീരൊഴുകിയ കവിള്‍ത്തടമെന്‍
അമ്മ തഴുകിക്കൊണ്ടോതി മെല്ലെ

ജീവിത യാത്രയില്‍ നാമിതുപോല്‍
കയറ്റിറക്കങ്ങള്‍ തരണം ചെയ്ത്
വന്നിങ്ങു പോയോരുടുപ്പിനെപ്പോല്‍
വിസ്മയമൊത്തിരി കണ്ടീടേണം

ശാശ്വതമല്ല ഈ ലോകത്തൊന്നും
ശാഠ്യം പിടിക്കരുതൊന്നിനും വേണ്ടി
വിട്ടുകൊടുത്തു സഹകരിച്ചെന്നും
ഐക്യതയോടെയേ ജീവിക്കാവൂ.

സ്വന്തം കഴിവുകള്‍

സ്വന്തം മനസ്സിന്നടിത്തട്ടില്‍ തപ്പിയാല്‍-ഒട്ടും
മാറ്റുകുറയാത്ത ഏറെ കഴിവുകള്‍ 
ഒന്നായടുങ്ങിക്കിടക്കുമതത്രയും-നിന്റെ 
സ്വന്തമാണെന്നതങ്ങോര്‍ക്കുന്ന നേരം
ഏഴാം കടലിന്നടിയില്‍ കിടക്കുമാ
പത്തരമാറ്റുള്ളോരളവറ്റ സമ്പത്തിന്‍ 
ബോധോദയം വന്ന് മുങ്ങിത്തപ്പാനൊരു 
മുക്കുവക്കൂട്ടം തുനിഞ്ഞിറങ്ങുമ്പോലെ
ഉത്തമ  ബോധമുദിച്ചിട്ടു മാനവാ
മങ്ങിക്കിടക്കുമാ വൈരമുത്തുക്കളെ
വാരിയെടുത്തുനീ തേച്ചുമിനുക്കിയി-
ട്ടാവും വിധമങ്ങവതരിപ്പിക്കുവിന്‍
സ്വയമേ പ്രകാശിപ്പാനവസരം വന്നാല്‍
സങ്കോചമേതും കൂടാതെയങ്ങോട്ടു
പ്രകടിപ്പിച്ചീടുവാന്‍ മുന്നോട്ടു വന്നിടു
ശക്തിയേറേയുണ്ട് മാനവാ നിന്നിലും
ഉള്ളിന്റെയുള്ളില്‍ കുടികൊള്ളും നന്മകള്‍
നാടിന്റെ അഭിവൃദ്ധിക്കുതകുന്നതാകട്ടെ
മാനുഷരാശിക്ക് ഗുണകരമാകട്ടെ -സര്‍വ്വരും 
നിന്നെ പുകഴുത്തുമാറാകട്ടെ
ഇവ്വണ്ണമൊക്കെയും മിന്നിത്തിളങ്ങുമ്പോള്‍
ശ്രദ്ധയുണ്ടാകണം ഒരു കാര്യത്തിലെപ്പഴും
അഭിമാനിയായ്‌നാട്ടില്‍ നീ മരുവുന്നനേരം
അഹങ്കാരഭാവമാ മുഖത്തിലോ നടപ്പിലോ
തെല്ലും നിഴലിച്ചിടാതെന്നും സൂക്ഷിയ്ക്കണം.

കോപം

മാനവന്‍ തന്‍ വികാര വിക്ഷോപമാം കോപം
മാനാഭിമാനങ്ങള്‍ക്കു സദാ കോട്ടം

അസന്തുഷ്ടിതന്‍ കാരണഭൂതനാം കോപം 
അനിയന്ത്രിത വര്‍ത്തിക്കു പ്രേരണ

മാനവനെ വെറും വിരൂപനാക്കും കോപം
മാനനഷ്ടമാം വെറുപ്പെന്ന സമ്മാനം

ദുഃഖകരമാം അപകട സൂചനയേകും കോപം
ദുരനുഭവങ്ങളുടെ വിരുന്നുകാരന്‍ 

മനുഷ്യനെ സദാ  മൃഗതുല്യനാക്കും കോപം
മണ്ണിലെ വിജയത്തിന്‍ ബദ്ധശത്രു

സഹനശക്തിയാര്‍ജ്ജിച്ചടിമയാക്കിടാനിനി
സഹായകമാത്മ നിയന്ത്രണമൊന്നു മാത്രം

ഒരു ജൂണ്‍ സ്മരണ

ജൂണ്‍ മാസത്തെ മഴയോടൊത്ത്
ചങ്ങാതീടെ തോളും ചാരി
ഒരേ കുടയില്‍ പള്ളിക്കൂടം
പോയ കാലം അവിസ്മരണീയം
ഇടവപ്പാതി കാറും കോളും
ജൂണില്‍ പെയ്യും കടിഞ്ഞൂല്‍ മഴയും
ഇടക്കിടെ വീശും കാറ്റും കുളിരും
തകര്‍ത്തു വെട്ടും ഇടിയും മിന്നലും
വകവയ്ക്കാതെ കുഞ്ഞോമനകള്‍
കുഞ്ഞിക്കുടയും ചൂടിച്ചൂടി
വഴിയോരങ്ങള്‍ ചേര്‍ന്നു ചേര്‍ന്ന്
പള്ളിക്കൂടം പോകും കാഴ്ചകള്‍
മനം കുളിര്‍ക്കെ കണ്ടു രസിക്കെ
സ്മരണകളെങ്ങോ വഴുതി മാറി
മനസ്സിനു പ്രായം കുറഞ്ഞുകുറഞ്ഞ്
ബാല്യം തേടി പോകുന്നുണ്ടേ
മൂത്തു നരച്ചു കഴിഞ്ഞെന്നാലും
വടിയും കുത്തി നടന്നെന്നാലും
ജൂണ്‍മാസത്തെ സ്മരണയ്‌ക്കെന്നും
അഞ്ചോ പത്തോ വയസ്സുകള്‍ മാത്രം
ഓര്‍ക്കുന്തോറും മധുരിമയേറും
മനസ്സിനുള്ളിലെ സുവര്‍ണ്ണകാലം
താലോലിച്ചു രസിക്കാനെന്നും
കാലം നല്‍കിയ നിധി തന്നെ.