കനവില്‍ഒരു പ്രണയക്കനവ്‌


മംഗല്യമാകുംമുമ്പേ മൊട്ടിടുംപ്രണയത്തിന്‍
മങ്ങിയ കഥയൊന്നു കേള്‍ക്കുവിന്‍ കൂട്ടുകാരേ
.
"
വിളിച്ചാല്‍ വരുമോ നീ, സര്‍വ്വതുമുപേക്ഷിച്ചു-
വീടുവിട്ടെന്‍റെകൂടെ, മല്‍സഖീ, പ്രിയേ! ചൊല്ലൂ

നീയില്ലാതസാദ്ധ്യമെന്‍ ജീവിതം പാരില്‍ പ്രിയേ !"
ജീവന്‍റെ ജീവനായ പ്രിയനോ മൊഴിയുന്നു

മാനസം ഹര്‍ഷോന്മാദമാക്കിയ വാക്കില്‍ സര്‍വ്വം
മറന്നൂ ബന്ധങ്ങളും സ്നേഹബന്ധനങ്ങളും

പ്രായചാപല്യങ്ങളില്‍ മുങ്ങിയെന്‍ മനംതന്നില്‍
പ്രാണനായകന്‍ മാത്രം, മറ്റെല്ലാം മറഞ്ഞുപോയ്‌

ദുര്‍ബ്ബലനിമിഷത്തില്‍ സര്‍വ്വവുമുപേക്ഷിച്ചു
ദുഃഖിതയായി ഞാനെന്‍ വീടുവിട്ടിറങ്ങവേ

വാതിലടയ്ക്കുംമുമ്പേ വ്യാകുലചിത്തം പൂണ്ടി-
ട്ടാധിയോടമ്മയെത്തി മാറോടങ്ങണച്ചെന്നെ

നന്മതന്‍ ദീപമായോരമ്മയേയുപേക്ഷിച്ചു-
പോകുവാനാളല്ലാതെ വലഞ്ഞൂ ഞാനുമപ്പോള്‍

നെഞ്ചിലെ തീയണയ്ക്കാന്‍ കൈയിലെ ഞരമ്പുകള്‍
തീവ്രമായ് മുറിച്ചതില്‍ ചോരയും വാര്‍ന്നുതീര്‍ന്നു

ദേഹത്തിന്‍ ഭാരംകൂടി കണ്ണുകളടഞ്ഞുപോയ്
ദേഹിക്കു ചെറിയൊരു തൂവലിന്‍ ഭാരമായി

ഇമ്പമായ്ക്കൂടാറുള്ള വസന്തകാലങ്ങളിന്‍
ഇമ്പത്തേമറന്നപ്പോളന്ധമായ് വിവേകവും

കുടുംബസ്വപ്നങ്ങളെ ക്രൂരമായ്‌ മെതിച്ചിട്ടു-
കുതിച്ചുചെന്നു ഞാനാ സ്വര്‍ഗ്ഗവാതിലില്‍ മുട്ടി

കുലത്തിന്‍ പാരമ്പര്യം കാക്കുന്ന സ്വര്‍ഗ്ഗംപൂകാന്‍
കുടുംബദ്രോഹം ചെയ്തോര്‍ക്കാവില്ലാ,ഗമിച്ചാലും

കേട്ടൂ ഞാനശരീരി കര്‍ണ്ണത്തില്‍ കൂരമ്പായി,
കേറിടാം നരകത്തില്‍ മറ്റൊരു മാര്‍ഗ്ഗം ശൂന്യം

വാതിലില്‍ മുട്ടി, കഷ്ടം! നരകോം തുറന്നില്ലാ
വായ്‌വിട്ടു കരഞ്ഞു ഞാനനാഥപ്രേതമായി

അലഞ്ഞുനടന്നേറ്റം ക്ഷീണിതയായ നേരം
അലമുറയിട്ടുകൊണ്ടങ്ങമ്മയെ വിളിച്ചു ഞാന്‍‌

കണ്ണൊന്നു തുറന്നപ്പോള്‍ കണ്ടു ഞാനമ്മയേയും
കണ്ണിനുകണ്ണായിട്ടു സ്നേഹിച്ചൊരച്ഛനേയും

കണ്ണേട്ടന്‍മുഖത്തേയും കാമിനിച്ചേച്ചിയേയും.
കരഞ്ഞുതളര്‍ന്നൊരാ കുടുംബസ്നേഹത്തേയും

നിമിഷനേരത്തേക്കു വന്നില്ലാ വിശ്വാസവും.
നിദ്രവിട്ടുണര്‍ന്നോരെന്‍ തുറന്നകണ്ണില്‍ തെല്ലും

കണ്ടതു സ്വപ്നമാണെന്നറിഞ്ഞ നിമിഷത്തില്‍
കണ്ടു ഞാന്‍ മനസ്സിന്‍റെ ഭാരവും കുറഞ്ഞതായ്

രണ്ടുകൈകളും കൂപ്പി ദൈവത്തെ തൊഴുതു ഞാന്‍
രണ്ടായിപ്പോയില്ലല്ലോ ഞാനുമെന്‍കുടുംബവും

കനവിലാണെന്നാലും കരുണയില്ലാതെ ഞാന്‍
കടമ മറക്കുവാന്‍ പ്രണയം കാരണമായ്

പ്രണയമെ, നിന്നേക്കാളുമെത്രയോ മേലേമേലേ
പ്രാധാന്യമച്ഛനമ്മമാര്‍ക്കു നല്കേണം പാരില്‍

മാതാവിന്‍ മടിത്തട്ടും വളര്‍ന്ന കുടുംബവും
മന്ദമായ് മനസ്സില്‍നിന്നകന്നതല്ലോ കഷ്ടം.!

മറക്കാനാകില്ലെന്നാല്‍ തുടരാം നമുക്കിനി
മാന്യമായ് സ്നേഹിച്ചീടാം, സമ്മതം ലഭിക്കട്ടേ

സമ്മതം ലഭിച്ചില്ലേല്‍ മാനസം തയ്യാറാക്കി
സമ്മതിച്ചീടാം നന്മ നല്കിടും ബന്ധങ്ങളെ

നിന്‍റെ മാംഗല്യത്തിനു വന്നിടാമാശംസിക്കാം .
നീയുമെന്‍ മാംഗല്യത്തിന്നാശംസ നല്കീടണം

സോദരസ്നേഹത്തോടെ ജീവിതം നയിച്ചീടാം
സോദരരായിത്തന്നെ തുടര്‍ന്നും കഴിഞ്ഞീടാം

നമ്മുടെ സുഖത്തിനായ് കുടുംബം ത്യജിക്കാതെ
നമുക്കീ പ്രണയത്തെ തത്ക്കാലം തുടര്‍ന്നീടാം

സത്യമാം പ്രണയത്തെ ദൈവത്തിന്‍മുന്നിലായി
സത്യമായ് സമര്‍പ്പിച്ചുകാത്തിരുന്നീടാമൊന്നായ്

മനസ്സാലീവണ്ണം തിണ്ണമായുരച്ചിട്ടു
മാനസപ്രണയത്തില്‍ കഴിയാം പ്രതീക്ഷയില്‍.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം