ബാല്യകാലംഓര്‍മ്മകളില്‍ നിറമേകും കുട്ടിക്കാലം
തിരികെ വരാത്തൊരാ വര്‍ണ്ണക്കാലം
സ്മരണയില്‍ മാത്രമൊതുങ്ങും കാലം
മധരം കിനിയുമാ ബാല്യകാലം
മുറ്റത്തെ ചക്കര മാവിന്‍കൊമ്പില്‍
കളിയൂഞ്ഞാലാടി രസിച്ചകാലം
ഇല്ലി മരത്തിന്‍ തുഞ്ചാനക്കൊമ്പില
കാല്‍വിരല്‍തുമ്പിനാല്‍ തൊട്ടകാലം
പച്ചോലപ്പന്തു മെടഞ്ഞു കളിച്ചതും
തെങ്ങോലപ്പാമ്പിനെ കണ്ടുപേടിച്ചതും
ഉമ്മറ മുറ്റത്തെ വരിക്കപ്ലാഞ്ചോട്ടില്‍
മണ്ണപ്പം ചുട്ടു ഞാന്‍ വിളമ്പിയതും 
അനിയത്തിമാരും കൂട്ടരുമൊത്തന്നു
കണ്ണാരം പൊത്തിക്കളിച്ചതുമെല്ലാം
മറക്കല്ലൊരിക്കലും വീട്ടു തൊടയിലെ
പുളിമരച്ചോടുമാ ചങ്ങാതിമാരേം
എന്നും തൃസന്ധ്യയ്ക്കു തുളസിത്തറയില്‍
നിറദീപവുമേറ്റി നാമം ജപിച്ച്
അത്താഴമുണ്ണാനായ് ഉറക്കച്ചടവോടെ
എന്റച്ഛനേം കാത്തങ്ങിരുന്ന കാലം
പിച്ച നടന്നോരാ മുറ്റം നിനച്ചാല്‍
പഴമ തുളുമ്പുമാ തറവാടോര്‍ത്താല്‍
സ്മരണ തന്‍ കുടക്കീഴിലൊരിക്കല്‍ കൂടി
ആ തളിര്‍ ബാല്യം കൊതിച്ചുപോകും

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍