നന്മ


താതനേകിയോരുയിരുമായി 
മാതാവിൻ ഗർഭപാത്രം പൂകിയ 
നാളിൻനന്മകൾ മൗനമായ് മമ 
ഹൃത്തിനോടെന്നും ഓതുന്നു.
സ്നേഹത്തോടൊപ്പം ഏറെനന്മയും 
അമ്മയൂട്ടിയ അമ്മിഞ്ഞപ്പാലിൽ 
അലിഞ്ഞുചേർന്നങ്ങിരുന്നതായിന്ന് 
ശ്രേഷ്ഠമായ്ത്തന്നെയുണരുന്നു
അമ്മനല്കിയ സുഖ-സുന്ദരമായ 
ബാല്യകാലമെൻ ചിത്തത്തിൽ 
നല്ല ചന്തമേറിയ വാർമഴവില്ലിൻ 
വർണ്ണച്ചിത്രമായ്ദർശിപ്പൂ
താതനേകിയ സമ്മാനമാകും 
വിദ്യാരശ്മിയും ശിക്ഷയും മമ 
വിജയഹേതുവായ് തുടരുമ്പോളിന്നു
നമിച്ചുപോകുന്നാ പാദങ്ങൾ
കണ്ടറിഞ്ഞുള്ള കാഴ്ചകള്പോലെ
കേട്ടറിഞ്ഞുള്ള കേള്വികള്പോലും
അനുഭവത്തിന്‍ വെളിച്ചമായ്നല്ല
ഗുരുത്വമായെന്നിൽ നിറയുന്നു
പൊള്ളയായൊരു മനസ്സുണ്ടായാലും
വിള്ളലില്ലാത്ത നല്ലജീവിതം
നയിക്കുവാനായിക്കഴിയുമെന്നതും
മനതാരിൽ ഇന്ന്തെളിയുന്നു
ഇവ്വിധത്തിലെൻ ജീവവീഥിയിൽ 
താളമീണങ്ങൾ കോർത്തിണക്കിയ
ദൃശ്യദൈവങ്ങൾ മുന്നിലായിതാ 
ഞാനിരുകരംകൂപ്പിവണങ്ങുന്നു.
പാരിതിൽ മേവും ജീവിതത്തിന്റെ 
ഭാഗ്യദായകക്കല്ത്തൂണായ് സദാ 
നേർവഴികാട്ടിത്തുണയായ്നിന്നെന്നിൽ
അനുഗ്രഹം വാരിച്ചൊരിയണേ..!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം