സില്‍ക്കുടുപ്പ്

ചേലുള്ള നല്ലൊരു സില്‍ക്കുടുപ്പേ
ചേച്ചിക്കായ് തയ്പ്പിച്ച പച്ചുടുപ്പേ
ചേച്ചി വലുതായിപ്പോയതിനാല്‍
കയ്യില്‍ നീ വന്നങ്ങു ചേര്‍ന്നതല്ലേ

വേറേയുടുപ്പുകളുണ്ടെന്നാലും
നിന്നെത്തന്നെയെനിക്കേറെയിഷ്ടം
വലുതായിപ്പോയാലും കൈവിടില്ലാ
മറ്റാര്‍ക്കും നിന്നെ ഞാന്‍ നല്‍കുകില്ലാ

നിന്നെയണിയുന്ന നാള്‍ മുഴുക്കെ
പൂമ്പാറ്റയായി ഞാന്‍ പാറി പറക്കും
എന്തു പവറാണെന്നെനിക്കെന്‍
കൂട്ടുകാര്‍ പോലും കളിയാക്കിടും

അലക്കി വിരിക്കുന്ന നാളുകളില്‍
നിദ്ര തഴുകാതെ ഞാന്‍ കിടക്കെ
കണ്‍മുന്നില്‍ വന്നു പതുങ്ങി നിന്നെന്‍
കനവിലും വന്നു നീ ആടാറില്ലേ

ഞാന്‍ വലുതായിക്കഴിഞ്ഞുവെന്നാല്‍
അനിയത്തിക്കുട്ടിക്കു കൈമാറണം
അമ്മയുണ്ടാക്കിയ നിയമമതു
പാലിക്കാതിരിക്കാനോ വകയുമില്ല

എന്നും ഭയന്നപോലന്നൊരു നാള്‍
അമ്മയുണ്ടാക്കിയ നിയമവുമായ്
അനിയത്തുക്കുട്ടി ഓടിവന്നെന്‍
മുന്നിലാ ഉടുപ്പിനായ് നിന്നുവല്ലോ

സില്‍ക്കുടുപ്പിനെ കയ്യിലാക്കാന്‍
രണ്ടാളും അടിപിടിയായി പിന്നെ
അമ്മതന്‍ കോപമിരട്ടിച്ചന്നെന്‍
കാതീന്നു പൊന്നീച്ച പറന്നുപോയി

സ്‌കൂളും വിട്ടു ഞാന്‍ വന്നനേരം
നാവൂറു പാടുവാനായി വന്ന
കൊറത്തീടെ കൊട്ടയില്‍ കണ്ടുഎന്റെ
ജീവന്റെ ജീവനാം സില്‍ക്കുടുപ്പ്

സങ്കടം കൊണ്ടെന്റെ കണ്ണു രണ്ടും 
കലങ്ങി ചുവന്നു തുടുത്ത നേരം 
കണ്ണീരൊഴുകിയ കവിള്‍ത്തടമെന്‍
അമ്മ തഴുകിക്കൊണ്ടോതി മെല്ലെ

ജീവിത യാത്രയില്‍ നാമിതുപോല്‍
കയറ്റിറക്കങ്ങള്‍ തരണം ചെയ്ത്
വന്നിങ്ങു പോയോരുടുപ്പിനെപ്പോല്‍
വിസ്മയമൊത്തിരി കണ്ടീടേണം

ശാശ്വതമല്ല ഈ ലോകത്തൊന്നും
ശാഠ്യം പിടിക്കരുതൊന്നിനും വേണ്ടി
വിട്ടുകൊടുത്തു സഹകരിച്ചെന്നും
ഐക്യതയോടെയേ ജീവിക്കാവൂ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം