സോദരീ

ദേഹം വേടിഞ്ഞോരു ദേഹിയായ 
എന്‍ സോദരീ നിന്നെക്കുരുന്നില്‍  
വഹിച്ച അതേഗര്‍ഭപാത്രംതന്നെ 
പിന്നെന്നെയും വഹിച്ചതാലുളവായ
രക്തബന്ധത്തിന്നളവറ്റ ആഴത്താല്‍ ‍ 
നിന്‍ മരണവാര്‍ത്തയാലെന്‍‍ ഹൃദയ
സപന്ദനം സ്തംഭിചൊട്ടേറെനിമിഷം 
പ്രപഞ്ചസത്യമാം മരണത്തെപ്പോലും
ഞാനറിയാതെയന്നു പഴിച്ചുപോയി
സ്വബോധം വീണ്ടെടുത്തവശേഷിച്ച
കടമയോടെ വെക്കംപുറപ്പെട്ടുസോദരീ
നീറുംനെഞ്ചുമായരുകിലെത്താന്‍വെമ്പി
നിശ്ചലമായ ദേഹമെങ്കിലും കാണാന്‍
പ്രാണന്‍തുടിക്കാത്ത ദേഹംകാണാന്‍ 
ത്രാണിയില്ലെന്ന സത്യമറിഞ്ഞതാല്‍
വലിയോരപകടമെന്‍  മാര്‍ഗ്ഗമദ്ധ്യേ
വന്നാ സന്താപയാത്ര തടസമാക്കി 
തിരുവായിലവസാനമായ്പ്പോലും  
ഒരുപിടിയരിയെന്നിരുകരങ്ങളാല്‍
വാരിവിതറാനൊത്തില്ലയെങ്കിലും
ജീവചൈതന്യമായെന്‍കണ്‍മുന്നില്‍ 
നിറഗൗരവത്തോടെ തന്നെ നീയിന്നു
നന്നായ്  തെളിഞ്ഞു നില്ക്കുമ്പോള്‍ 
‍അന്ന് നേരിട്ടോരപകടം പോലും  
എനിക്കനുഗ്രഹമായെന്നെന്നുള്‍മനം 
മന്ത്രിച്ചുപോകുന്നുയിന്നറിയാതെ
അമ്മതന്‍ ‍ കടിഞ്ഞൂല്‍പുത്രിയാം 
മൂത്തസോദരീ നിയെന്നകതാരില്‍
ഒരമ്മതന്‍സ്ഥാനം വഹിച്ചിരുന്നു
നിനക്കുനാഥനായ് വരാതെപോയ
ഒരാളുംപിന്നതില്‍പിറക്കാതെപോയ
ഒരുണ്ണിയുമെന്നകക്കാമ്പിലൊരുപോതും 
ഫലിക്കാത്ത കനവായിമാത്രം തത്തി-
ക്കളിക്കാറുണ്ടിന്നും വ്യര്‍ത്ഥമായ്
ശേഷിച്ചമോഹങ്ങള്‍ ‍ കോര്‍ത്തിണക്കി
ഉള്ളിന്‍റെയുള്ളില്‍  ഞാന്‍‍ കാത്തുവച്ച
എന്നഗ്രഹാരത്തിന്‍ ‍ നിലവിളക്കേ 
ഒരുനാളുമണയാതെ ജ്വലിച്ചുനില്ക്കും
 നിറശാലീനസൗന്ദര്യപൊന്‍ദീപമായ്
നിന്നെക്കാണുവാനാണെനിക്കേറെയിഷ്ടം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം