സുന്ദര ബാല്യം

ഒരു സുന്ദര ബാല്യം കനിഞ്ഞെനിക്കേകിയ
കാരുണ്യക്കടലാകും ദൈവമേ സ്വസ്തി !

സംരക്ഷിച്ചീടാന്‍ അമ്മയും അച്ഛനും
അല്ലലകറ്റാന്‍ അച്ഛന്റെ സമ്പത്തും

അനുഭവ കഥകള്‍ ചൊല്ലിത്തന്നെന്റെ
ഹൃത്തിന്‍ പ്രഭയേറ്റാന്‍ അമ്മമ്മയും

ശുണ്ഠി പിടിപ്പിക്കാന്‍ പേരിനൊരേട്ടനും
ശണ്ഠയ്ക്കു കൂട്ടിനായ്  ചേച്ചിമാരും 

സ്‌നേഹം പകരാന്‍ അനിയത്തിമാരും
വാല്‍സല്യം നല്കാനൊരനിയന്‍കുട്ടനും

ഓടിക്കളിക്കാന്‍ ഒരേക്കര്‍ ഇടവും
കേറിക്കിടക്കാന്‍ വലിയോരു വീടും

പാഠംപഠിക്കാന്‍ നല്ല പള്ളിക്കൂടങ്ങളും
കൂടെക്കളിക്കാന്‍ കൊച്ചുചങ്ങാതിമാരും

കാലത്തുണരാന്‍ പൂവന്റെ കൂവലും
നല്ല മാധുര്യമേറും കിളിക്കൊഞ്ചലും

ആര്‍ത്തുരസിക്കാന്‍ ആറും അരുവിയും 
പേടിപ്പെടുത്താന്‍ കാവിലെ നാഗവും

കണ്ടുരസിക്കാന്‍ മഴവില്ലും മാരിയും 
പാറിനടക്കാന്‍ വേലിയും തൊടിയും

പാറിപ്പറക്കാന്‍ മോഹവും സ്വപ്നവും
കൂടെപറക്കാന്‍ വര്‍ണ്ണശലഭവും

സ്മരണയിലെന്നും മധുരിമയേറുമെന്‍
സുഖ സുന്ദരബാല്യം എത്രമനോഹരം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം