മഴഭാവങ്ങള്‍

മഴഭാവങ്ങള്‍

ഇടവപ്പാതി കാര്‍മുകില്‍ കീറി
ഇടിയും മിന്നലും കാറ്റുമായി
തകര്‍ത്തുപെയ്തു ദാഹമകറ്റാന്‍
മുടങ്ങാതെയെത്തും കാലവര്‍ഷം.

മിഥുനമായാല്‍ രാവും പകലും
നിര്‍ദ്ദയമായങ്ങു നിന്നുപെയ്തു
മനവഹൃത്തില്‍ ഭീതിനിറയ്ക്കും
വെള്ളം പെരുക്കിടും പേമാരി

കര്‍ക്കടകത്തില്‍ കറുത്തിരുണ്ട്
ഒളിഞ്ഞു വാനത്തുരുണ്ടുകൂടി
കാര്‍മേഘക്കൂട്ടിലൊളിച്ചിരുന്നു
കാറ്റില്‍ മറയും  കള്ളമഴ

ചിങ്ങംപിറന്നാല്‍ ചന്നംപിന്നം
നൂലിഴപോലെ ഊര്‍ന്നിറങ്ങി
പൂക്കളംമായ്ക്കാനോടിയെത്തും  
സൂത്രക്കാരിയാം വികൃതിമാരി

കന്നിമാസത്തില്‍ അന്നനടയായ്
കവിളിണയില്‍ നാണത്തോടെ
ചാരത്തുവന്നെന്‍ ദീപമണച്ചു
കുസൃതികാട്ടും കൗതുകമാരി

തുലാമായാല്‍ തുള്ളിക്കുതിച്ചു
ചോലമരങ്ങളെ കാറ്റിലുലച്ചു
പെരുമ്പറകൊട്ടി താണ്ടവമാടി
പെയ്തൊഴിയും തുലാവര്‍ഷം

വൃശ്ചികം,ധനു,മകര മാസങ്ങള്‍
മറഞ്ഞിരുന്നങ്ങു മൗനംപാലിച്ചു
മഞ്ഞിനുവേണ്ടി വീഥിയൊഴിഞ്ഞു
മന്ദാരപ്പൂമഴ മന്ദിരം പൂകിയോ..?

കുംഭം, മീനം, മേടം തുടങ്ങി  
ആദിയിടവപ്പാതിവരേയ്ക്കും
ആരുംകാണാതെ പമ്മിയിരിക്കും
തവതാവളമേതെന്നു ചൊല്ലാമോ..?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം