അച്ഛന്‍
അച്ഛന്‍

കുഞ്ഞിന്‍റെ കണ്‍കളിലാദ്യം പതിഞ്ഞിടും
അമ്മിഞ്ഞയൂട്ടിയുറച്ചോരു തായ്മുഖം
അച്ഛന്റെ രൂപവുമാഴത്തിലായതില്‍
വൈകാതെതന്നെ പതിഞ്ഞിടുമേ നിജം

അമ്മിഞ്ഞയൊന്നുനുകര്‍ന്നൂ ദിനം ദിനം 
തായിന്‍ മനസ്സിനെതൊട്ടൊന്നറിഞ്ഞിടും
വാത്സല്യമായതു നോക്കന്നൊരച്ഛനേം 
കുഞ്ഞറിയുന്നിതു വൈകാതെതന്നെയായ്

കുഞ്ഞിനെയോര്‍ത്തിടുമമ്മയ്ക്കു കാണുമാ
ആധിക്കു പിന്നിലോരച്ഛന്റെ മാനസം
കണ്ടീടലാം ആ മോഹത്തിനാകുലം
അങ്ങോളം തീരാതെയാമുഖത്തിങ്കല്‍

ഈറ്റില്ലമതിലമ്മ പേറ്റുനോവറിയുമ്പോള്‍
അങ്ങിങ്ങുലാത്തിടുമച്ഛന്റെ ചിന്തകള്‍
വെന്തിട്ടൊരക്ഷമ നോട്ടത്തിലുള്ളതാം
വറ്റീവരണ്ട നടത്തത്തിലെത്തിടും

കുഞ്ഞിന്റയാദ്യ കരച്ചില്‍ നുകര്‍ന്നിടാന്‍
കാതോര്‍ത്തു നിന്നിടുമച്ഛന്റെ തേട്ടവും
പെട്ടന്നു കുഞ്ഞു കരഞ്ഞൊന്നു കേള്‍ക്കവേ
ദൈവമേയെന്നാ പിടച്ചിലും കാണാം

തായിന്റെ സ്‌നേഹമതാണല്ലോ പാരിതില്‍
തോരാതെ വാഴ്ത്തി വരുന്നുള്ളതേവരും
അച്ഛനുമുണ്ടൊരു വേവുന്ന മാനസം
എന്നുള്ള വസ്തുത കണ്ടില്ലയാരുമേ !

                        000000000000                     

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം