പോസ്റ്റുകള്‍

July, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗഹൃദം

സൗഹൃദം 

അമ്മയാണാദ്യമമ്മിഞ്ഞനല്കിയെന്‍ കൈപിടിച്ചുമ്മവച്ചെത്തിയ സൗഹൃദം   അത്രയും ശുദ്ധമാം മറ്റൊരു സൗഹൃദം പാരിലിന്നോളവും കണ്ടതില്ലാ നിജം
പിന്നെയങ്ങച്ഛനും സോദരവൃന്ദവും കൂട്ടിനായെത്തിയെന്‍ വീട്ടിലേ സൗഹൃദം സ്കൂളിലങ്ങാദ്യമായ് ബാല്യകാലത്തിലെന്‍ ബാഹ്യലോകത്തിലേ സൗഹൃദം തേടിഞാന്‍
മാനസം പക്വമായ്ത്തീര്‍ന്നപിന്‍ തോന്നിടും ചിന്തകള്‍ പങ്കിടാന്‍ വന്നതാം സൗഹൃദം ഹൃത്തിലായ് സങ്കടം നല്കിയ പിന്നെഞാന്‍ ഭാവനചെയ്തൊരെന്‍ സൗഹൃദമിങ്ങനെ
മാനസം പങ്കുവച്ചുല്ലസിച്ചീടുവാന്‍ മാത്രമല്ലാത്ത മിത്രങ്ങളുണ്ടാവണം ദുഃഖഭാരങ്ങളെപ്പങ്കുവച്ചീടുവാന്‍ ഉറ്റചങ്ങാതിയീ പാരിലുണ്ടാവണം

വിരഹാര്‍ദ്രം

വിരഹാര്‍ദ്രം
കണ്ടനാള്‍മുതല്‍ സ്വന്തമായിടാന്‍ രണ്ടുപേരുമങ്ങാശയായ്
നീണ്ടനാളുകള്‍ പ്രേമസാഗരം നീന്തിവന്നു പിന്നകന്നതും
നീര്‍ തുളുമ്പുമായക്ഷിയോടെ നീ ചാരെ കണ്‍മൊഴീ ചൊന്നതും
നിന്‍റെ കണ്ണിലേ പ്രേമദാഹമെന്‍ നെഞ്ചിലേറ്റതാം നൊമ്പരം
ഓമലാളുടെയോര്‍മ്മയില്‍ ദിനം വാടുമെന്‍ മനം പാതിയായ്
ഒന്നു കാണുവാനെത്രനാളു ഞാന്‍ കാത്തിരിക്കണം കാതരേ
നിന്‍റെ മോഹവും എന്‍റെ ദാഹവും മൂകമാരിയായ് പെയ്യുവാന്‍
നിന്നെ ഞാന്‍ തനിച്ചാക്കിവന്നതിന്‍ മാനസം വിരഹാര്‍ദ്രമായ്
പൊങ്ങി, താണിതെന്‍ നെഞ്ചിടിപ്പിലേ താളമൊന്നവതാളമായ്
സ്വപ്നമായിനീയെന്നുമെത്തിടും നിദ്രതന്നിലെന്‍ കണ്മണീ
നിന്നെയോര്‍ത്തിടും വേളയില്‍ സദാ തേങ്ങിടുന്നിതെന്‍ മാനസം
ആഴമാകുമീ സ്നേഹമൊക്കെയും പാരിലെന്നുമേ വിരഹം


ലക്ഷണം

ലക്ഷണം

ലക്ഷണമുള്ളവരെല്ലാമെന്നും
നല്ലവരാകണമെന്നില്ലാ ഹേ !
ലക്ഷണമുള്ളൊരു മേലാളന്‍ ദേ
ലക്ഷ്യം നന്നല്ലവനുടെയുള്ളില്‍
നാടു ഭരിക്കും മന്ത്രിയെയെല്ലാം
കോടികള്‍ കാട്ടി, ബുദ്ധി മറയ്ക്കും
ബുദ്ധി മറഞ്ഞൊരു മന്ത്രി പിന്നെ
മേലാളന്മാര്‍ക്കടിമയുമാകും
ബൊമ്മകളായി തലയാട്ടീടാന്‍
ഇല്ലൊരുളുപ്പുമവര്‍ക്കോ തെല്ലും
കഷ്ടം കൂടാതങ്ങു ലഭിക്കും
കാശും കീശയിലിട്ടു നടന്നു
തിന്നുകൊഴുത്താലുള്ളം നിറയും
പീഡനമെന്നൊരു കര്‍മ്മം ലക്ഷ്യം
ലക്ഷണമൊത്തൊരു പണ്ഡിതരിപ്പോള്‍
പീഡനകര്‍മ്മമതില്‍ ശ്രേഷ്ഠന്മാര്‍
ലക്ഷണമില്ലാത്തവരും ഭൂവില്‍
നല്ലവരെന്നു നിനച്ചിടവേണ്ടാം
ഒറ്റക്കൈയന്‍ ചാമിയൊരുത്തൻ
കാട്ടിക്കൂട്ടിയ കാര്യമതെല്ലാം
ഉള്ളില്‍ നുരയായ്ത്തങ്ങുമതെന്നും
നാടു മറപ്പതസാദ്ധ്യംതന്നെ
നല്ലൊരു ശിക്ഷ വിധിച്ചീടാനോ
ന്യായാധിപനും ധൈര്യമതില്ലാ
ഉപ്പില്‍ മാങ്ങ ചുരുങ്ങിയപോലെ
ഉള്ളില്‍പ്പോയവന്‍ സുന്ദരനായി
തീറ്റിപ്പോറ്റിവളര്‍ത്തീട്ടവനെ
ഹീറോയാക്കി വെളിയിലിറക്കും
നല്ലൊരു മനമിന്നുണ്ടായെന്നാല്‍
തേജോവധമേയവനു ലഭിക്കൂ.
കുറ്റക്കാരെ പൊക്കിനടന്നാൽ
കുറ്റം ചെയ്യാൻ വാസനയേറും.
ലക്ഷ്യഗുണാദികള്‍ നന്നായെന്നാല്‍
സമ്പത്തില്ലായവനുടെ കൈയില്‍

സമ്പത്തിന്‍ കുറവില്ലെന്നാലും

ലക്ഷണ…

മാതൃദിനം

മാതൃദിനം

തായിന്നൊരു കുഞ്ഞും
കുഞ്ഞിന്നൊരു തായും
ദൈവം വരമേകും
പാരില്‍ നിജ പുണ്യം

കുഞ്ഞൊന്നു ജനിക്കും
തായിന്‍ മനമെന്നാല്‍
സ്നേഹം ദിനമേറും
നീരിന്നുറവല്ലോ

പിന്നെന്നുമവള്‍ക്കോ
നിദ്രയ്ക്കതു ഭംഗം
കുഞ്ഞിന്‍ ഗതിയോര്‍ക്കും
ചിത്തം നിജമെന്നും

തന്‍ മക്കളതെല്ലാം
ഭൂവില്‍ മുഴുനേരം
ആപത്തുകളില്ലാ-
തെന്നും വിഹരിക്കാന്‍

തന്‍ കുഞ്ഞിനു വേണ്ടീ
എന്നേരവുമെങ്ങും
സന്തോഷമതെല്ലാം
ചോദിച്ചു നടക്കും

ആയുസ്സിനു വേണ്ടീ
മണ്ടുന്നവളെന്നും
ദൈവത്തിനു നേരേ
ചാവുംവരെയല്ലോമഴ കാത്ത്

മഴ കാത്ത്പൂമഴേ പൊന്മഴേ ഒന്നിങ്ങു പോരുമോ

മായല്ലെ മറയല്ലെ പൊന്നെ

ദാഹം ശമിക്കാതെ കേഴുന്നു മണ്ണിങ്ങു

വേഴാമ്പല്‍ പക്ഷിയെപ്പോലെ

വാനത്തു മേയുന്ന വേണ്മേഘവൃന്ദമേ

നീയെന്നും ഭൂമിക്കു സ്വന്തം

ആ ഗര്‍ഭം പേറിയയേഴഴകുള്ളോരു

മാരിവില്‍ നിന്‍ മകനെങ്കെ

പെണ്മകള്‍ മണിമുകില്‍ പ്രായത്തിലെത്തിയാല്‍

പിന്നവളീമണ്ണിന്‍ സ്വന്തം.

മാരിപ്പെണ്ണായവള്‍ നൃത്തച്ചുവടുകള്‍

വയ്ക്കണമീ മണ്ണിലെങ്ങും

മണ്ണിന്‍ വിരഹത്തെ തീര്‍ക്കുകയെന്നതു

നിന്നുടെ കര്‍ത്തവ്യമല്ലെ

ശ്രീമഴേ പൊന്മഴേ ഒന്നിങ്ങു പോരില്ലേ

മായാതെ മറയാതെന്‍ കണ്ണേ

മാരിവില്‍ മാനത്തു ചന്തമായ് കാണുവാന്‍

മാനസം വെമ്പി നില്‍ക്കുന്നു

മണിമുകില്‍ മാനത്തു നെട്ടോട്ടമോടുന്ന

കാഴ്ചയെന്‍ കണ്ണിനമൃതം

മിന്നലിന്നാരവത്തോടെയിങ്ങെത്തിടും

നിന്നെയും കാത്തു കഴിയും

നാടുമീ നാട്ടാരുമൊന്നുപോലീയിടെ

വ്യാകുല ചിത്തരായ് കാണ്മുശ്രീമഴ പൊന്‍മഴയായി ഞാന്‍ വന്നെത്താം

ഇന്ന് ഞാന്‍ ചൊല്‍വതു കേട്ടാല്‍

മണ്ണിന്‍റെ മക്കളഹങ്കാരകേളികള്‍

നിര്‍ത്തുകയല്ലാതെയെന്‍റെ

വെണ്‍മുകില്‍ പെണ്‍മകള്‍ കാര്‍മുകിലാകുവാന്‍

ഇല്ലോരു മാര്‍ഗ്ഗവും വേറെ

ശ്രീമഴ പൊന്മഴയായന്നു വന്നിടാം

നൃത്തവുമാടിടാം മണ്ണില്‍.

അന്നൂ ഞാനെന്‍റെ പ്രണയത്തിന്‍ സത്യമായ്

നൃത്തവുമാടിടാം നിന്നില്‍മക്കള്‍

മക്കള്‍വ്യത്യാസമില്ലാതെ പെറ്റമ്മയാലൊന്നു
മക്കളെ സ്നേഹിക്കാനായിടേണം
വീടിനും നാടിനും നന്മ വരുന്നതാം
പാഠങ്ങള്‍ ചൊല്ലി, വളര്‍ത്തിടേണം
ഭക്ഷണം നല്കുന്നതൊന്നുപോലാവണം
അന്തരം കാട്ടൊല്ല ശിക്ഷണത്തില്‍
ചേതോഹരങ്ങളാം കാഴ്ചയില്‍ വിസ്മയം
ആനന്ദം പെണ്ണിനു ധിക്കാരമോ ?
ആണിനും പെണ്ണിനും വ്യത്യാസമുള്ളൊരാം
ആകൃതി ദേഹത്തിന്നേകി ദൈവം
വസ്ത്രം ധരിക്കുന്ന കാര്യത്തിലേവരും
ഭേദം വരുത്തി, ധരിച്ചിടാനും
നന്മയും തിന്മയും വേര്‍തിരിച്ചെന്നുമേ
ചൊല്ലുവാന്‍ കാവലാള്‍ വേണമെന്നും
ഇന്നിന്‍റെ മക്കളങ്ങാകണം നാളത്തെ
സ്വത്തുക്കള്‍ നാടിനും വീടിനുമായ്
എന്നുള്ളതായൊരു രക്ഷകര്‍ത്താവിന്‍റെ
ഉദ്ദേശ്യം വ്യാപിച്ചു നിന്നിടേണം

പൂന്തോട്ടം

പൂന്തോട്ടംഅനാഥയാക്കി ഞാന്‍ പിരിഞ്ഞതല്ലടോ
തുടുത്ത പൂക്കളെക്കനിഞ്ഞ തോട്ടമേ
നിനക്കുമുന്നെ ഞാന്‍ വളര്‍ത്ത മക്കളിന്‍
വിളിക്കു മുന്നിലന്നെനിക്കു തെല്ലുമേ
ഉപേക്ഷയോതുവാന്‍ തരപ്പെടാഞ്ഞതാല്‍
വിളിച്ചനാള്‍വരേ രസിച്ചുപോരുവാന്‍
വിരിഞ്ഞുനിന്നുനിന്‍ മലര്‍ ചിരിക്കുവാന്‍
തിരഞ്ഞു ഞാനുമന്നലഞ്ഞു പോയതാല്‍
കുറച്ചു നാളുകള്‍ നിനക്കു പാലനം
തരാന്നുമെന്‍ സഖീ പറഞ്ഞു വന്നതും
മനസ്സു മൊത്തമായ്‌ കരഞ്ഞുകൊണ്ടുഞാന്‍
തിരിച്ചു വന്നിടും വരേക്കു നിന്നെയെന്‍
സഖിക്കു നല്കിയാണിയാത്ര പോയതും
അവള്‍ മുടക്കമേ വരുത്തിടാതെയായ്
നിനക്കു ചന്തമായ് ചമഞ്ഞു നിന്നിടാന്‍
നിനച്ചു പാലനം ദിനം ദിനം നല്കീ
വിരിഞ്ഞു നില്ക്കുമീ മലര്‍കളത്രയും
അതിന്നു സാക്ഷിയാണതെന്നറിഞ്ഞു ഞാന്‍
തൊഴുന്നിതാ സഖീയിരുക്കരങ്ങളും
മനോഹരങ്ങളാം മലര്‍കളെന്നപോല്‍
സുഗന്ധമേകുമാ മനസ്സു നോക്കി ഞാന്‍

പുലരി

പുലരി 
പുലരിയില്‍ പുഞ്ചിരി തൂകിനിന്നീടുന്ന
മലരുകള്‍ക്കെന്തെന്തുത്സാഹമെന്നും
ദിനകരന്‍ വന്നാലെന്‍ മാനസമെപ്പൊഴും
മലരുമിപ്പൂക്കള്‍പോലാനന്ദിക്കും
കലപിലശബ്ദത്താലെന്നെയുണര്‍ത്തുന്ന
കിളികള്‍തന്നാരവം കേൾപ്പതുണ്ടോ
മധുരമായ് പാടുന്ന കുയിലിന്റെയൊച്ച ഞാന്‍
അനുകരിച്ചീടുമ്പോഴെന്തു മോദം
മണിമുകില്‍ മാനത്തു ചന്തമായ് കോറിടും
വരകളെക്കാണുവാനുണ്ടു ചന്തം
തിലകസിന്ദൂരമായ് വാനില്‍ തെളിഞ്ഞിതാ
ദിനകരനാം വിശ്വചിത്രകാരന്‍
അഭിരുചിക്കൊത്തപോലഴകുള്ള തോട്ടവും
തൊടിയിലെ പൂക്കള്‍തന്‍ സൗരഭ്യവും
അലസമായ് തേന്‍ നുകര്‍ന്നീടുന്ന ഭ്രമരവും
അകമെയെന്‍ ഭാവനയ്ക്കുണര്‍വു നല്കും

കുയില്പ്പാട്ട്

കുയില്പ്പാട്ട്
കളകളം പാടിയെന്നങ്കണത്തിങ്കലായ് കിളിമകള്‍ നിത്യവും വന്നൂ വിളിച്ചിടും കുയിലവള്‍ പാടുന്ന പാട്ടുകള്‍ കേട്ടു ഞാന്‍ അനുകരിച്ചീടുവാനുമ്മറത്തെത്തവേ

അവളുടേ പാട്ടിന്‍റെ കൂടെ ഞാന്‍ പാടിയാല്‍ ഉടനേയവള്‍ക്കങ്ങുകോപമായ് പിന്നെയാ സ്വരമൊന്നുയര്‍ത്തീട്ടു പാടിനോക്കീടുന്നു ക്ഷമയോടെമിണ്ടാതെകാത്തിരിക്കും പുന:

ഒരുവേള ഞാനൊന്നു പാടിയാലോയെന്‍റെ സ്വരമതില്‍ പാടുന്നു കിളിമകള്‍ ഹര്‍ഷമായ് അവളോടു ചേര്‍ന്നൊന്നു പുലരിയില്‍പ്പാടിയാല്‍ ശുഭകരംതന്നെയാണന്നെന്‍റെ ചിന്തകള്‍
ഒരുനാളുപോലുമാ കുയിലിനെക്കാണാതെ, അവളുടേ മണിനാദമൊന്നു കേട്ടീടാതെ അവളേയനുകരിച്ചൊന്നുപാടീടാതേ പുലരുന്നതില്ലയെന്‍ പൊന്നുഷസ്സൊന്നുമേ

കര്‍ഷകന്‍ നാടിന്‍റെ നട്ടെല്ല്

കര്‍ഷകന്‍ നാടിന്‍റെ  നട്ടെല്ല്
പുലരുമ്പോള്‍ കര്‍ഷകര്‍ കച്ചചുറ്റി വയലില്‍ പോയീടുന്ന കാഴ്ചയെന്നും കണിയായിക്കണ്ടങ്ങുണര്‍ന്നീടുവാന്‍ പ്രഥമക്ഷേമങ്ങളവര്‍ക്കേകണം
കൃഷിചെയ്യും കര്‍ഷകനാണു പൊന്നേ പശിയാറ്റാന്‍ നട്ടെല്ലായ് നാടിനെന്നും ധരയീ പ്രകൃതിതന്‍ വരദാനം അതിനെന്നും കൂട്ടായി കര്‍ഷകനും
കൃഷകന്‍തന്നദ്ധ്വാനം നിസ്സ്വാര്‍ത്ഥമാം പരസേവയ്ക്കുത്തമോദാഹരണം മലരും തേനും തേനീച്ചയുമെന്നും കലരുന്നൂ നിസ്സ്വാര്‍ത്ഥസേവനത്തില്‍
മണലില്‍ സീരത്താല്‍ ചിത്രം വരയ്ക്കും കലയില്‍ ശ്രേഷ്ഠര്‍ കര്‍ഷകക്കൂട്ടങ്ങള്‍ വിളയും കൊയ്ത്തും കഴിയുന്നകാലം ധരതന്നില്‍ കര്‍ഷകനുമാഘോഷം
ഇവിടേ സസ്യലതാദികള്‍ കൊണ്ടൂ ദിനവും കര്‍ഷകന്‍ കാവ്യം രചിക്കും മനുഷ്യന്‍ മണ്ണിന്‍ സുഹൃത്തായിയെന്നാല്‍ കനകം കൊയ്തു രസിച്ചീടലാമേ
കൃഷകന്‍ ചേറിന്നറപ്പുതോന്നി ദിനവും പാടത്തിറങ്ങാന്‍ മടിച്ചാല്‍ അറയും പത്തായവും പാഴ്വസ്തു അരിപാറ്റും നെല്കുത്തുമോര്‍മ്മയാകും
വയലില്‍ വേലയ്ക്കു പോകാതിരുന്നാല്‍
ധരയില്‍ നെല്‍ക്കതിരാടീടുകില്ലാ ധരയില്‍ നെല്‍ക്കതിരാടാതിരുന്നാല്‍ വയറില്‍ ചോറും വിശപ്പാറ്റുകില്ലാ
ഗഗനത്തിന്‍ നീല വര്‍ണ്ണത്തിലല്ലോ കവിതന്‍ ഭാവംകലര്‍ന്നുള്ള കാവ്യം വയലിന്‍ പച്ചപ്പുതപ്പിലീ നാടും

ഓണക്കാലം

ഓണക്കാലം
ആവണി മാസമായോണം വരവായി മാവേലി മന്നനെഴുന്നള്ളാന്‍ നേരമായ് സന്തോഷനാളുകള്‍ക്കടയാളമായങ്ങു മാനത്തു കണ്ടിടാമോണനിലാവിനി
ചിങ്ങനിലാവിലെന്‍ ബാല്യം തെളിഞ്ഞിടും ഓണത്തിന്നോര്‍മ്മകള്‍ ഊഞ്ഞാലിലാടിടും അത്തം പിറന്നാലങ്ങോര്‍മ്മയിലെത്തിടും പൂക്കളിറുക്കുമാ ചേമ്പിലക്കുമ്പിളും
അത്തം പിറന്നല്ലോ മുറ്റത്തൊരുക്കണ്ടേ ചിത്തം കുളിര്‍ക്കുമൊരോണക്കളമതും തുമ്പപ്പൂവേ, വായോ ആമ്പല്‍പ്പൂവുമായ് ചെത്തി, മന്ദാരത്തോടൊപ്പം വായോ നീയും
വൃത്തത്തില്‍ തീര്‍ക്കുമോരത്തക്കളത്തിനും ചിത്തിര, ചോതിക്കും തുമ്പക്കുടം മാത്രം ഇല്ലിമുള്‍ക്കമ്പാലെ താമര തീര്‍ത്തതില്‍ വിശാലമായൊരു വിശാഖക്കളം വേണം
അനിഴം, തൃക്കേട്ട തന്‍ നാളുകളില്‍ പല വര്‍ണ്ണത്തില്‍ത്തീര്‍ക്കുന്ന വട്ടക്കളങ്ങളും മൂലം നാളില്‍ നാലു മൂലതിരിക്കണം പൂരാടം പൂക്കളിന്‍ പൂരവുമാക്കണം
ഉത്രാടം നാളിലായിറുക്കുന്നു പൂക്കളാല്‍ വമ്പന്‍ കളമൊന്നൊരുക്കീടുക വേണം സായന്തനമായാല്‍ പൂ മാറ്റി  തറകെട്ടി അരിമാവുകൊണ്ടങ്ങണിയിച്ചൊരുക്കണം
വാമനരൂപനാമോണത്തപ്പന്മാര്‍ക്കും മേലാകെ വട്ടത്തില്‍ പൊട്ടു കുത്തീടണം ഉത്രാടരാവിലുറങ്ങാത്ത കണ്ണുമായ് പൂപ്പന്തലിട്ടതില്‍ തോരണം തൂക്കണം
തിരുവോണനാളിലോ പൂവടയുണ്ടാക്കി അവിലും മലരുമായ് വിളക്കത്തുവയ്ക്കണം ഒന്നായിട്…

ഉണ്ണിമോള്‍ക്കൊരു താരാട്ട്.

ഉണ്ണിമോള്‍ക്കൊരു താരാട്ട്.
ഉണ്ണിമോളെന്‍ പൊന്നുമോളാരിരോ ആരീരാരീ...രാരാരിരോ ജന്മ സാഫല്യമേ നീയുറങ്ങു ഉണ്ണി വാവേ നീയുറങ്ങു
പട്ടുനൂല്‍ കൊണ്ടൊരു തൊട്ടില്‍കെട്ടി എന്‍ ഹൃദയം മെത്തയാക്കി പൂമെയ്യു നോവാതതില്‍ക്കിടത്തി താരാട്ടു ഞാന്‍ പാടുമല്ലോ
നന്മതന്‍ മേടുകള്‍ നോക്കിവേണം നിന്‍ പാദങ്ങള്‍ നീങ്ങീടുവാന്‍ നല്ലവളായി നീ വളരേണം സര്‍വ്വരും വാഴ്ത്തീടണം
നിന്‍നേരെ നീളുന്ന കൈകള്‍ക്കെന്നും കരുത്തറ്റു പോയീടുവാന്‍

ഉണ്ണിക്കുട്ടനു പിറന്നാള്‍

ഉണ്ണിക്കുട്ടനു പിറന്നാള്‍


രണ്ടാം പിറന്നാളതു ഘോഷമാക്കാം

ഒന്നങ്ങൊരുങ്ങീടു പ്രസിദ്ധുമോനേ

ഉണ്ണിക്കുടുക്കാന്‍ പുതിയോരുടുപ്പും

പത്തംഗുലീയില്‍ കനകാംഗുലീയം

ഹസ്തേ കിലുങ്ങാനിരു കങ്കണങ്ങള്‍

പാദം ചലിക്കും തളയോടു ചേര്‍ന്നും

തങ്കക്കഴുത്തില്‍ മണിമല വേണം

കേശത്തിലോ പീലി, കിരീടമോടേ

തങ്കത്തിലുള്ളോരു മണ്ഡനത്തില്‍

മിന്നിത്തിളങ്ങീടണമന്നുകണ്ണന്‍

കൊഞ്ചിച്ചിരിച്ചീടണമെന്‍റെയുണ്ണീ

കണ്ടങ്ങു ചിത്തം കൊതിപൂണ്ടിടേണം

അപ്പം, വട, യെള്ളുണ്ട, യുപ്പേരികള്‍

പാല്പ്പായസം, പപ്പടവും പഴത്താല്‍

ഉച്ചയ്ക്കു സദ്യാ വിഭവങ്ങളൊക്കേ

നന്നായൊരുക്കീക്കരുതീടവേണം

ഉള്ളം കവിഞ്ഞങ്ങുദരം നിറഞ്ഞും

വാഴ്ത്തേണമെല്ലാരുമൊന്നുപോലെ

ആയുസ്സുമാരോഗ്യസുഖങ്ങളോടേ

ശോഭിച്ചു വാഴാന്‍ വരമേകു കൃഷ്ണാ