സൗഹൃദം

സൗഹൃദം 


അമ്മയാണാദ്യമമ്മിഞ്ഞനല്കിയെന്‍
കൈപിടിച്ചുമ്മവച്ചെത്തിയ സൗഹൃദം  
അത്രയും ശുദ്ധമാം മറ്റൊരു സൗഹൃദം
പാരിലിന്നോളവും കണ്ടതില്ലാ നിജം

പിന്നെയങ്ങച്ഛനും സോദരവൃന്ദവും
കൂട്ടിനായെത്തിയെന്‍ വീട്ടിലേ സൗഹൃദം
സ്കൂളിലങ്ങാദ്യമായ് ബാല്യകാലത്തിലെന്‍
ബാഹ്യലോകത്തിലേ സൗഹൃദം തേടിഞാന്‍

മാനസം പക്വമായ്ത്തീര്‍ന്നപിന്‍ തോന്നിടും
ചിന്തകള്‍ പങ്കിടാന്‍ വന്നതാം സൗഹൃദം
ഹൃത്തിലായ് സങ്കടം നല്കിയ പിന്നെഞാന്‍
ഭാവനചെയ്തൊരെന്‍ സൗഹൃദമിങ്ങനെ

മാനസം പങ്കുവച്ചുല്ലസിച്ചീടുവാന്‍
മാത്രമല്ലാത്ത മിത്രങ്ങളുണ്ടാവണം
ദുഃഖഭാരങ്ങളെപ്പങ്കുവച്ചീടുവാന്‍
ഉറ്റചങ്ങാതിയീ പാരിലുണ്ടാവണം

വേണ്ടപോല്‍ ചിന്തനംചെയ്തെടുത്തീടുകില്‍
രക്തബന്ധങ്ങളെ വെല്ലുമീ സൗഹൃദം
കണ്‍നിറഞ്ഞീടുവാന്‍ കാരണക്കാരനായ്
മാറിടാതെന്നുമേ കൂടെയുണ്ടാവണം

കീര്‍ത്തികള്‍ വന്നുചേര്‍ന്നീടുമെന്‍ തോഷവും
ഘോഷമാക്കീടുവാന്‍ സൗഹൃദം വേണമേ
കൈകൊടുത്തെത്തണം ചാരെയായ് ഗര്‍ത്തമാം
ജീവിതപ്പാതയില്‍ നീന്തിടും വേളയില്‍

പ്രത്യുപകാരപ്രതീക്ഷകള്‍ വച്ചിടാ
തെത്തണം കഷ്ടമാം നേരവും സൗഹൃദം
ജാതിയും വര്‍ണ്ണവും ഭംഗിയും ഭാഷയും
നോക്കിടാതങ്ങു വന്നെത്തണം സൗഹൃദം

പാതതെറ്റാതെയീ സൗഹൃദമൊക്കെയും  
ഹൃത്തിലെന്നാളിലും തങ്ങിനിന്നീടണം
സ്നേഹം പകര്‍ന്നവര്‍ക്കേകുവാനെന്നിടം
പഞ്ഞമില്ലാത്തതാം സ്നേഹമുണ്ടാവണം

സ്നേഹവാക്കോതുവാന്‍ പ്രപ്തരാംസൗഹൃദം
തെറ്റുകള്‍ ചൂണ്ടണം കുറ്റവും ചൊല്ലണം
തേങ്ങിടും മാനസം ചായുവാന്‍ തോള്‍തരും
സൗഹൃദം വന്നുചേര്‍ന്നീടുകില്‍ ധന്യമായ്

ഖ്യാതിയില്‍ കൂട്ടിനുണ്ടായയെന്‍ സൗഹൃദം
വ്യാധിയിന്‍ ശയ്യയില്‍ വന്നുകൈകോര്‍ക്കണം
വെള്ളയില്‍ മൂടിയെന്നന്ത്യമാം യാത്രയില്‍
അഞ്ജലീയര്‍പ്പണം ചെയ്യുവാനെത്തണം

കൃത്രിമംകൊണ്ടു നിറഞ്ഞതാം ഭൂമിയില്‍
ഇങ്ങനെയുള്ളൊരു സൗഹൃദം നേടുവാന്‍
ഭാഗ്യമുണ്ടാകുകില്‍ സത്യമായ് ചൊല്ലിടാം   
ഉര്‍വ്വിതന്‍ ജീവിതം സ്വര്‍ഗ്ഗമായ്ത്തീര്‍ന്നിടും  ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം