കര്‍ഷകന്‍ നാടിന്‍റെ നട്ടെല്ല്

കര്‍ഷകന്‍ നാടിന്‍റെ  നട്ടെല്ല്

പുലരുമ്പോള്‍ കര്‍ഷകര്‍ കച്ചചുറ്റി
വയലില്‍ പോയീടുന്ന കാഴ്ചയെന്നും
കണിയായിക്കണ്ടങ്ങുണര്‍ന്നീടുവാന്‍
പ്രഥമക്ഷേമങ്ങളവര്‍ക്കേകണം

കൃഷിചെയ്യും കര്‍ഷകനാണു പൊന്നേ
പശിയാറ്റാന്‍ നട്ടെല്ലായ് നാടിനെന്നും
ധരയീ പ്രകൃതിതന്‍ വരദാനം
അതിനെന്നും കൂട്ടായി കര്‍ഷകനും

കൃഷകന്‍തന്നദ്ധ്വാനം നിസ്സ്വാര്‍ത്ഥമാം
പരസേവയ്ക്കുത്തമോദാഹരണം
മലരും തേനും തേനീച്ചയുമെന്നും
കലരുന്നൂ നിസ്സ്വാര്‍ത്ഥസേവനത്തില്‍

മണലില്‍ സീരത്താല്‍ ചിത്രം വരയ്ക്കും
കലയില്‍ ശ്രേഷ്ഠര്‍ കര്‍ഷകക്കൂട്ടങ്ങള്‍
വിളയും കൊയ്ത്തും കഴിയുന്നകാലം
ധരതന്നില്‍ കര്‍ഷകനുമാഘോഷം

ഇവിടേ സസ്യലതാദികള്‍ കൊണ്ടൂ
ദിനവും കര്‍ഷകന്‍ കാവ്യം രചിക്കും
മനുഷ്യന്‍ മണ്ണിന്‍ സുഹൃത്തായിയെന്നാല്‍
കനകം കൊയ്തു രസിച്ചീടലാമേ

കൃഷകന്‍ ചേറിന്നറപ്പുതോന്നി
ദിനവും പാടത്തിറങ്ങാന്‍ മടിച്ചാല്‍
അറയും പത്തായവും പാഴ്വസ്തു
അരിപാറ്റും നെല്കുത്തുമോര്‍മ്മയാകും

വയലില്‍ വേലയ്ക്കു പോകാതിരുന്നാല്‍
ധരയില്‍ നെല്‍ക്കതിരാടീടുകില്ലാ
ധരയില്‍ നെല്‍ക്കതിരാടാതിരുന്നാല്‍
വയറില്‍ ചോറും വിശപ്പാറ്റുകില്ലാ

ഗഗനത്തിന്‍ നീല വര്‍ണ്ണത്തിലല്ലോ
കവിതന്‍ ഭാവംകലര്‍ന്നുള്ള കാവ്യം
വയലിന്‍ പച്ചപ്പുതപ്പിലീ നാടും
അഭിമാനപൂരിതമല്ലെയെന്നും

കുമരിപ്പെണ്‍ കണ്‍കളില്‍ ദൃശ്യമാകും
അനുരാഗം തുടിക്കും നാണത്തെപോല്‍
വിളമുറ്റിത്തലതാഴ്ത്തും കതിരിന്നും
വയലേലപ്പെണ്ണിനും നാണമാണോ


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം