ഓണക്കാലം

ഓണക്കാലം

ആവണി മാസമായോണം വരവായി
മാവേലി മന്നനെഴുന്നള്ളാന്‍ നേരമായ്
സന്തോഷനാളുകള്‍ക്കടയാളമായങ്ങു
മാനത്തു കണ്ടിടാമോണനിലാവിനി

ചിങ്ങനിലാവിലെന്‍ ബാല്യം തെളിഞ്ഞിടും
ഓണത്തിന്നോര്‍മ്മകള്‍ ഊഞ്ഞാലിലാടിടും
അത്തം പിറന്നാലങ്ങോര്‍മ്മയിലെത്തിടും
പൂക്കളിറുക്കുമാ ചേമ്പിലക്കുമ്പിളും

അത്തം പിറന്നല്ലോ മുറ്റത്തൊരുക്കണ്ടേ
ചിത്തം കുളിര്‍ക്കുമൊരോണക്കളമതും
തുമ്പപ്പൂവേ, വായോ ആമ്പല്‍പ്പൂവുമായ്
ചെത്തി, മന്ദാരത്തോടൊപ്പം വായോ നീയും

വൃത്തത്തില്‍ തീര്‍ക്കുമോരത്തക്കളത്തിനും
ചിത്തിര, ചോതിക്കും തുമ്പക്കുടം മാത്രം
ഇല്ലിമുള്‍ക്കമ്പാലെ താമര തീര്‍ത്തതില്‍
വിശാലമായൊരു വിശാഖക്കളം വേണം

അനിഴം, തൃക്കേട്ട തന്‍ നാളുകളില്‍ പല
വര്‍ണ്ണത്തില്‍ത്തീര്‍ക്കുന്ന വട്ടക്കളങ്ങളും
മൂലം നാളില്‍ നാലു മൂലതിരിക്കണം
പൂരാടം പൂക്കളിന്‍ പൂരവുമാക്കണം

ഉത്രാടം നാളിലായിറുക്കുന്നു പൂക്കളാല്‍
വമ്പന്‍ കളമൊന്നൊരുക്കീടുക വേണം
സായന്തനമായാല്‍ പൂ മാറ്റി  തറകെട്ടി
അരിമാവുകൊണ്ടങ്ങണിയിച്ചൊരുക്കണം

വാമനരൂപനാമോണത്തപ്പന്മാര്‍ക്കും
മേലാകെ വട്ടത്തില്‍ പൊട്ടു കുത്തീടണം
ഉത്രാടരാവിലുറങ്ങാത്ത കണ്ണുമായ്
പൂപ്പന്തലിട്ടതില്‍ തോരണം തൂക്കണം

തിരുവോണനാളിലോ പൂവടയുണ്ടാക്കി
അവിലും മലരുമായ് വിളക്കത്തുവയ്ക്കണം
ഒന്നായിട്ടെല്ലാരും ആര്‍പ്പു വിളിച്ചങ്ങു
മാവേലി മന്നനെയെതിരേറ്റിരുത്തണം

പൂത്തറ തന്നിലിരുത്തിയാ സങ്കല്പ്പ
പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചീടണം
പത്തുപതിനാറു വിഭവങ്ങളുള്‍ക്കൊള്ളും
ഓണസദ്യക്കുള്ളൊരുക്കങ്ങളായ്പിന്നെ

സദ്യവട്ടങ്ങളൊരുങ്ങിക്കഴിഞ്ഞെന്നാല്‍
ഭഗവാനു മുന്നിലതത്രയും നേദിച്ചു
മലയാളമക്കള്‍ക്കു സന്തോഷംതന്നെ-
യെന്നോതാതെയോതിടുമാമോദമായ്

പതിനാറാം നാളിലെ ആയില്യംമകംവരെ
ഓണത്തറയില്‍ തിരി തെളിച്ചീടണം
മക്കള്‍തന്‍ നന്മയ്ക്കായായില്യംമകവും
കുമ്പിട്ടശേഷമേ പൂത്തറ മാറ്റാവൂ

ഓണനിലാവത്തു നാടുകാണാന്‍ വരും
മാവേലിത്തമ്പുരാന്‍ ഓണക്കളികാണും
ഓണക്കോടി ചുറ്റും ഓമനക്കാലമാം

ഓണക്കാലമൊരു ഓമല്‍ക്കാലംതന്നെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം